നിലമ്പൂര്‍ : ചാലിയാര്‍ പഞ്ചായത്തിലെ പന്തീരായിരം ഉള്‍വനത്തിലെ വെറ്റിലകൊല്ലി കോളനിയില്‍ നിന്നൊരാള്‍ പത്താം ക്ലാസ് കടക്കുന്നതു ഇതാദ്യം. രണ്ടു വര്‍ഷം താങ്ങും തണലുമായി നിന്ന അധ്യാപകര്‍ക്ക് നല്‍കിയ ഗുരുദക്ഷിണ. ഓഗസ്റ്റില്‍ നടത്തിയ എസ്.എസ്.എല്‍.സി സേ പരീക്ഷാ ഫലം കഴിഞ്ഞദിവസം വന്നപ്പോള്‍ വിജയികളുടെ കൂട്ടത്തില്‍ മോഹനനും ഉള്‍പ്പെട്ടു. വെറ്റിലക്കൊല്ലിയിലെ പഴയ തലമുറ സ്കൂളിന്റെ പടിവാതിക്കല്‍പോലും എത്തിയിട്ടില്ല.
മോഹനന്റെ മാതാപിതാക്കള്‍ നേരത്തെ മരിച്ചു പോയതിനാല്‍ മാതൃസഹോദരി മതിയും ഭര്‍ത്താവ് വലിയ ചന്തനുമാണ് മോഹനനെ വളര്‍ത്തിയത്. പാലക്കയം പഠന കേന്ദ്രത്തിലെ അധ്യാപികയായ കെ.ടി. കല്യാണിയാണ് മോഹനനെ സ്കൂളില്‍ ചേര്‍ത്തത്. പാലേമാട്  പട്ടികവര്‍ഗ ഹോസ്റ്റലില്‍നിന്നു എട്ടാംക്ലാസ് പൂര്‍ത്തിയാക്കിയ ശേഷം കോളനിയിലേക്കു മടങ്ങി. തുടര്‍ന്ന് എരഞ്ഞിമങ്ങാട്  ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ചേര്‍ന്നു. കാട്ടാന, കടുവ ഉള്‍പ്പെടെയുള്ള പന്തീരായിരം വനപാതയിലൂടെ കാല്‍നടയായി നാലു കിലോമീറ്റര്‍ നടന്നു പാലക്കയം റബര്‍ പ്ലാന്റേഷനിലെത്തിയാല്‍ ഗോത്ര സാരഥിയുടെ വണ്ടിയില്‍ പത്തു കിലോമീറ്റര്‍ യാത്ര ചെയത് എരഞ്ഞിമങ്ങാട് സ്കൂളിലെത്താം. എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ വനപാത താണ്ടി വന്നപ്പോള്‍ മോഹനന്‍ കാട്ടാനകൂട്ടത്തിന്റെ മുന്നില്‍പ്പെട്ടത് രണ്ടു തവണ. അങ്ങനെ രണ്ടു പരീക്ഷകള്‍ മുടങ്ങി. ക്ലാസ് അധ്യാപിക ഷൈലജയും പ്രധാനാധ്യാപിക സോണിയും എല്ലാ സഹായവുമായി ഒപ്പം കൂട്ടിയതോടെ എഴുതാന്‍ കഴിയാതിരുന്ന രണ്ടു പരീക്ഷകള്‍ എഴുതാനും വിജയിക്കാനും മോഹനനു കഴിഞ്ഞു. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും സ്കൂളില്‍നിന്നു ലഭിച്ചു. വൈകുന്നേരത്തെ ഭക്ഷണം കൊടുത്തയക്കുകയും ചെയ്തു. ഷൈലജ ടീച്ചറിന്റെ വകയായിരുന്നു പ്രഭാത ഭക്ഷണം. വെറ്റിലക്കൊല്ലി പണിയര്‍ കോളനിയില്‍നിന്നു ചരിത്രത്തിലാദ്യമായി ഒരു വിദ്യാര്‍ഥിയെ എസ്.എസ്.എല്‍.സി വിജയിപ്പിക്കാന്‍ സാധിച്ച സന്തോഷത്തിലാണ് അധ്യാപകര്‍. മോഹനന് എരഞ്ഞിമങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തന്നെ പ്ലസ് വണിന് പഠിക്കാനാണ് താല്‍പര്യം.