കോഴിക്കോട് നിപ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന 12 കാരൻ മരിച്ചു. ഇന്ന് പുലർച്ചെ ആയിരുന്നു മരണം. നിപയാണോ മരണകാരണമെന്നത് സംബന്ധിച്ച് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ രണ്ട് റിപ്പോര്‍ട്ടുകൾ കൂടി വരേണ്ടതുണ്ട്. അവ ഇന്ന് കിട്ടിയേക്കും. കുട്ടിയുടെ സമ്പർക്ക ബാധിതരെ കണ്ടെത്താൻ നടപടി തുടങ്ങിയിട്ടുണ്ട്.

ആരോഗ്യമന്ത്രിയും ദില്ലിയില്‍ നിന്നുള്ള വിദഗ്ധ സംഘവും ഇന്ന് കോഴിക്കോട്ടെത്തും. നേരത്തെ ഈ കുട്ടിക്ക് കൊവിഡ് ബാധിച്ചിരുന്നു. എന്നാല്‍ പനി മാറാഞ്ഞതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കുട്ടിയെ രണ്ട് ദിവസം മുമ്പാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം കുട്ടിയുടെ രക്ഷിതാക്കള്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകള്‍ പൊലീസ് അടച്ചു.