Aandaal Malayalam Film - ആണ്ടാള്‍ മലയാളം സിനിമ

 

ശ്രീലങ്കന്‍ അഭയാര്‍ഥികളുടെ കഥ പറഞ്ഞ 'ആണ്ടാള്‍' ഇരുപതാമത്‌ ധാക്ക ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക്. വേള്‍ഡ് ഫിലിം വിഭാഗത്തിലേക്ക് ആണ് തിരഞ്ഞെടുക്കപ്പെട്ടത്.

സംവിധായകന്‍ ഷരീഫ് എസയുടെ രണ്ടാമത് ചലച്ചിത്ര സംരംഭമാണ് ആണ്ടാള്‍. ആദ്യസിനിമയായ 'കാന്തന്‍ - The Lover of Colour' സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ്ഉള്‍പ്പടെ വിവിധ അവാര്‍ഡുകള്‍ നേടുകയും രാജ്യാന്തര പ്രദര്‍ശനങ്ങളില്‍ ഉള്‍പ്പടെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

പ്രമോദ് കൂവേരിയുടെ തിരക്കഥയില്‍, പ്രശസ്ത സിനിമാ താരം ഇര്‍ഷാദ് നിര്‍മാണ പങ്കാളിയായി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയില്‍ അഭിജ, ധന്യ അനന്യ,സാദിക്ക്, ശിവലിംഗം, രാമചന്ദ്രന്‍, ജേക്കബ്ബ് പപ്പാളി എന്നിവരും വേഷമിടുന്നു. ചായാഗ്രഹണം പ്രിയന്‍. ചിത്ര സംയോജനം പ്രശോഭ്.

പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പിനി ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ശ്രീലങ്കയിലേക്ക് തോട്ടം തൊഴിലിന് കൊണ്ടുപോയ തൊഴിലാളികളെ 1964ല്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി-സിരിമാവോ ബണ്ഡാരനായകെ ഒപ്പിട്ട ഉടമ്പടി പ്രകാരം തിരിച്ചയച്ചു. മൂന്ന് തലമുറക്ക് ശേഷം അവരെ കേരള, തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കൊടുംവനങ്ങളിലേക്ക് പുനരധിവസിപ്പിച്ചു. കേരളത്തിലെ നെല്ലിയാമ്പതി, ഗവി, കുളത്തുപുഴ, തുടങ്ങിയ കാടുകളിലും രാമേശ്വരം പോലുള്ള അപരിഷ്‌കൃത ഇടങ്ങളിലും അവര്‍ ഇപ്പോഴും പ്രതികൂല ജീവിത ആവാസവ്യവസ്ഥകളോട് അവര്‍ പൊരുതിജീവിക്കുന്നു. അപര്യാപ്തമായ പരിഗണനങ്ങള്‍ക്കപ്പുറത്ത് സ്വന്തം നാട്, മണ്ണ്, പെണ്ണ്, കുടുംബം, സ്വത്വം തുടങ്ങിയ ജീവിതബന്ധങ്ങളുടെ ശൈഥില്യങ്ങള്‍ ഇപ്പോഴും അവരെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ജനിച്ചുവളര്‍ന്ന മണ്ണില്‍ നിന്ന് പറിച്ചുകളഞ്ഞ അഭയാര്‍ത്ഥി ജീവിതത്തില്‍ മനസ്സ് ആണ്ടുപോയ ഇര്‍ളപ്പന്‍ എന്ന റിട്ടേഡ് തോട്ടം തൊഴിലാളിയുടെ ആത്മസംഘര്‍ഷത്തിലൂടെ സിനിമ തുടങ്ങുന്നു.

ഏതുസമയത്തും ഏതുവിധേനയും ശ്രീലങ്കയിലേക്ക് തന്റെ ഭര്‍ത്താവ് കടന്നുകളയുമെന്നുള്ള ഭയംപേറി ഭാര്യ എസക്കിയമ്മാള്‍ പരിമിതമായ ജീവിത സൗകര്യങ്ങളില്‍ പാടുപെട്ട് ജീവിക്കുന്നു. ദുരഭിമാനവിവാഹത്തിന്റെ പേരില്‍ സ്വന്തം ഭര്‍ത്താവിനെ നഷ്ടപ്പെട്ട ലക്ഷ്മിയും ഒരു ദിവസം ദുരുഹനിലയില്‍ അപ്രത്യക്ഷമാവുന്നു. ജനിച്ചുകളിച്ചു വളര്‍ന്ന മണ്ണില്‍ മനസ്സ് ആണ്ടുപോയ മനുഷ്യരുടെ അസ്വസ്തതകളാണ് ആണ്ടാള്‍ പറയുന്നത്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ചരിത്രപരമായ ആഭ്യന്തരപ്രശ്‌നങ്ങള്‍ തൊട്ട് എല്‍.ടി.ടിഇയും രാജീവ്ഗാന്ധിവധവും യുദ്ധവും തീവ്രവാദവും തുടങ്ങി ലോകത്തെമ്പാടും നടക്കുന്ന അഭയാര്‍ത്ഥി ജീവിതത്തിന്റെ അനുരണനങ്ങള്‍ ഏതുവിധം ശ്രീലങ്കന്‍ തമിഴനെ ബാധിക്കുന്നുവെന്ന് ചിത്രം പറയുന്നു.